കണിച്ചാർ (കണ്ണൂർ): കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോം വാർഡ് (പട്ടികവർഗ സംവരണം),മാടായി ഗ്രാമപഞ്ചായത്തിലെ മാടായി വാർഡ് (സ്ത്രീ സംവരണം), എന്നിവയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 19ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്‌ടോബർ അഞ്ച്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടികൾ സ്വീകരിച്ച് അപ്‌ഡേഷൻ പൂർത്തിയാക്കൽ ഒക്‌ടോബർ 18.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ഒക്‌ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിൻറൗട്ട് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഇആർഒ. കരട് പട്ടിക അതത് തദ്ദേശ സ്ഥാപനത്തിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
ഇത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സെറീന എ റഹ്മാൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഇ എൻ രാജു, വരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
Kanichar, Matai by-election: Voter list on October 19.